Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പരാജയഭീതിയിൽ വിറങ്ങലിച്ച സിപിഎം ജില്ലയിലുടനീളം അഴിച്ചുവിടുന്ന അക്രമ പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരെയും യുഡിഎഫ് അനുഭാവികളേയും ലക്ഷ്യമിട്ടുള്ള അക്രമണ പരമ്പര ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്.
വീടുകളിൽ കയറി മർദനം, കുടുംബങ്ങളെ ഭീഷണിപ്പെടുത്തൽ, പാർട്ടി ഓഫീസുകൾ തകർക്കൽ എന്നിവയെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ യഥാർഥ മുഖം തുറന്നുകാട്ടുകയാണ്. കോൺഗ്രസ് ഓഫീസുകളും ലീഗ് ഓഫീസുകളും വ്യാപകമായി ജില്ലയിൽ ഉടനീളം തകർക്കപ്പെടുന്നത് അതീവ ഗുരുതരമാണ്. ഇത് ആശയ പോരാട്ടമല്ല, സംഘടിത ഗുണ്ടായിസത്തിന്റെ തുറന്ന പ്രകടനമാണ്.
ഭരണകൂടത്തിന്റെ മൗനാനുവാദവും പോലീസിന്റെ അനാസ്ഥയും അക്രമികൾക്കു ധൈര്യം നൽകുകയാണ്. നിയമം സംരക്ഷിക്കേണ്ടവർ തന്നെ കണ്ണടച്ചുനിൽക്കുന്ന സാഹചര്യം ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. ഭീഷണിയും അക്രമവുംകൊണ്ട് യുഡിഎഫ് പ്രവർത്തകരെ നിശബ്ദരാക്കാമെന്ന് സിപിഎം കരുതേണ്ട.
സ്ഥാനാർഥിയുടെ വോട്ടഭ്യർഥന എഴുതിയ മതിൽപോലും സഹിക്കാൻ കഴിയാതെ അതു തകർക്കാൻ ഇറങ്ങുന്ന സിപിഎമ്മിന്റെ നടപടി അവരുടെ സാംസ്കാരിക ശൂന്യതയുടെയും രാഷ്ട്രീയ ദാരിദ്ര്യത്തിനന്റെയും നഗ്നമായ പ്രകടനമാണ്.
ഈ അക്രമരാഷ്ട്രീയത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ഒരിക്കലും മുട്ടുമടക്കില്ല. ഓരോ ആക്രമണവും ശക്തമായ ജനകീയ പ്രതിഷേധത്തിനുള്ള തീപ്പൊരിയായി മാറും. സിപിഎം ഉടനടി ഈ അക്രമങ്ങൾ അവസാനിപ്പിക്കണം. കെ.സുധാകരൻ എംപി പറഞ്ഞു.
National
ന്യൂഡൽഹി: കേരളത്തിൽ യുഡിഎഫ് ഐക്യം ശക്തമാണെന്നും 100 സീറ്റോടെ വൻ വിജയത്തിലേക്ക് നീങ്ങുകയാണെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. യഥാർഥ കോണ്‍ഗ്രസ് പോരാളിയുടെ വിശ്വസ്തതയും കരുത്തും കെ. സുധാകരനുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഓരോ കൊടുങ്കാറ്റിലും എല്ലാ വെല്ലുവിളികളിലും എല്ലാ പരീക്ഷണങ്ങളിലും കേരള ജനതയ്ക്കുവേണ്ടി പോരാടാൻ ജീവിതകാലം മുഴുവൻ ചെലവഴിച്ചയാളാണു സുധാകരനെന്നും രാഹുൽ അഭിപ്രായപ്പെട്ടു. പാർട്ടിക്കു പൂർണമായും വിധേയനാകുമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നുവെന്ന് സുധാകരനും പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്നലെ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയശേഷം സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പ്രസ്താവന. കോണ്‍ഗ്രസ് പ്രസിഡന്റ് ഖാർഗെ. കെ.സി. വേണുഗോപാൽ എംപി എന്നിവരും സുധാകരനുമായുള്ള കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
സുധാകരന്റെ മകൻ സൗരഭും ഭാര്യ ശ്രേയയും ഒപ്പമുണ്ടായിരുന്നു. പശ്ചിമബംഗാളിലെ സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി യോഗത്തിനുമുന്നോടിയായാണ് രാഹുലും ഖാർഗെയും സുധാകരനുമായി 20 മിനിറ്റോളം ചർച്ച നടത്തിയത്.
ഇന്നലത്തെ ഉന്നത കൂടിക്കാഴ്ചയോടെ സുധാകരനെക്കൂടി പൂർണമായി കോണ്‍ഗ്രസിന്റെ പ്രചാരണത്തിൽ സജീവമാക്കാൻ കഴിയുമെന്ന് ഹൈക്കമാൻഡ് പ്രതീക്ഷിക്കുന്നു. എല്ലാം "കോംപ്ലിമെന്റ്സ് ’ ആക്കിയതോടെ സുധാകരൻ ഉയർത്തിയ പ്രതിസന്ധി ഇല്ലാതായി.
എംപിമാർ മത്സരിക്കരുതെന്ന തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കിൽ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നുവെന്നതിൽ ഹൈക്കമാൻഡിനും സുധാകരനും ഇപ്പോൾ തർക്കമില്ല. കെ.സി. വേണുഗോപാൽ മുൻകൈയെടുത്താണ് മുതിർന്ന നേതാവായ സുധാകരനുമായി കൂടിക്കാഴ്ച നടത്താൻ രാഹുലും ഖാർഗെയും തയാറായത്.
നേരത്തേ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടാണു സുധാകരന്റെ കർക്കശ നിലപാടിൽ അയവുണ്ടാക്കിയത്.
രാഹുൽ നാളെ പ്രചാരണത്തിനെത്തും, പ്രിയങ്ക ബുധനാഴ്ചയും
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാഹുൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യുഡിഎഫ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തും. ബുധനാഴ്ചയും വ്യാഴാഴ്ചയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ പ്രചാരണത്തിനെത്തും.
Kerala
തിരുവനന്തപുരം: ജി. സുധാകരന് കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പുഴയിലെ തലമുതിര്‍ന്ന നേതാവായ ജി. സുധാകരന് കാണിച്ചത് വലിയ വഞ്ചനയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, പാര്‍ട്ടിക്കെതിരെ രംഗത്തെത്തേണ്ടെന്ന് നിലപാടെടുത്ത കെ. സുധാകരനെ പ്രശംസിക്കുകയും ചെയ്തു.
കേരളത്തില്‍ നിരവധിപേര്‍ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളില്‍നിന്നു മാറി. അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് സുധാകരൻ. എന്നാല്‍ തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി. സുധാകരന് കരുതുന്നത്.
പാര്‍ട്ടിക്ക് എല്ലാവരും സമന്മാരാണ്. കെ. സുധാകരന് ചെയ്തത് പോലെ പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുന്നതാണ് നല്ലകാര്യം. അങ്ങനെയാണ് ഒരു പാര്ട്ടിക്കാരന് ചെയ്യേണ്ടത്. അങ്ങനെ നോക്കിയാല്‍ ജി. സുധാകരന് എത്രവലിയ ചെറ്റത്തരമാണ് കാണിച്ചതെന്നാണ് കാണേണ്ടത്.
വഞ്ചനയ്ക്ക് ഇതില്പരം വിശേഷണമില്ല. എത്രവലിയ വഞ്ചനയാണ് സുധാകരന് കാണിച്ചത്. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞു കുളിച്ചു ഗൂഢാലോചന നടത്തി, കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനാര്‍ഥിയായി മാറിയെന്നാല്‍ എത്ര വലിയ പാതകമാണതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Kerala
കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടി.ഒ. മോഹനൻ കെ.സുധാകരന്റെ എടക്കാട്ടെ വീട്ടിലെത്തി പിന്തുണ അഭ്യർഥിച്ചു. ടി.ഒ. മോഹനനെ ഷാൾ അണിയിച്ച് സ്വീകരിച്ച കെ. സുധാകരൻ 'താൻ വാക്കു പാലിച്ചെന്ന്’പറഞ്ഞുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്.
ഇതിനിടെ മാധ്യമപ്രവർത്തകരോട് നിങ്ങൾ ഫോട്ടോയെടുത്ത ശേഷം മാറുമോ അതോ ചോദ്യങ്ങളുണ്ടാകുമോ എന്നും ചോദിച്ചു. തുടർന്ന് മാധ്യമങ്ങളെ മാറ്റി നിർത്തിയാണ് കെ. സുധാകരനും ടി.ഒ. മോഹനനും സംസാരിച്ചത്. ഇന്നു നടക്കുന്ന കണ്ണൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലും മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തിനും പങ്കെടുക്കും.
തളിപ്പറന്പിൽ ടി.കെ. ഗോവിന്ദനും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും വേണ്ടിയും പ്രചാരണത്തിനിറങ്ങും.പാർട്ടി നിർദേശം അനുസരിച്ചു പ്രവർത്തിക്കുമെന്ന് നൽകിയ വാക്കാണ്, താൻ വാക്കു പാലിച്ചു എന്ന് പറഞ്ഞതിലൂടെ കെ. സുധാകരൻ വ്യക്തമാക്കിയതെന്ന് ടി.ഒ. മോഹനൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാർഥിനിർണയ വേളയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ഹൈക്കമാൻഡ് തീരുമാനം വന്നതോടെ അതെല്ലാം തീർന്നു. കെ. സുധാകാരൻ കോൺഗ്രസിലെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചാണ് താൻ എന്നും മുന്നോട്ടുപോയത്. അത് ഇനിയും തുടരും. തനിക്കു വേണ്ടിയും മറ്റു സ്ഥാനാർഥികൾക്കു വേണ്ടിയും അദ്ദേഹം പ്രചാരണത്തിനിറങ്ങിക്കൊണ്ട് പാർട്ടിയെ അദ്ദേഹം തന്നെ മുന്നിൽനിന്നു നയിക്കും.
കണ്ണൂർ തന്റെ പ്രവർത്തന മേഖലയാണ്. വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. പ്രചാരണമാരംഭിക്കാൻ അല്പമെങ്കിലും അത് വിജയത്തെ ബാധിക്കില്ല. കഴിഞ്ഞ പത്തു വർഷമായുള്ള പിണറായി സർക്കാരിന്റെ ദുർഭരണത്തിന് അറുതി വരുത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും ടി.ഒ. മോഹനൻ പറഞ്ഞു.
ഇന്നലെ പുലർച്ചെ രണ്ടോടെ ഡൽഹിയിൽനിന്നു കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെ. സുധാകരനെ നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചുമാണ് സ്വീകരിച്ചത്. മാധ്യമ പ്രവർത്തകരടക്കം സുധാകരനെ വിമാനത്താവളത്തിൽ കാത്തിരുന്നുവെങ്കിലും യാത്രാ ക്ഷീണമുണ്ടെന്നും പ്രതികരിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു സുധാകരൻ എടക്കാടെ വീട്ടിലേക്കു പോയത്.
ഇന്നലെ ടി.ഒ. മോഹനുമായി ചർച്ച നടത്തിയ ശേഷവും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
National
ന്യൂഡൽഹി: കണ്ണൂരിൽ സീറ്റ് നൽകാമെന്ന ധാരണയ്ക്ക് പിന്നാലെ വാർത്താസമ്മേളനം ഉപേക്ഷിച്ച് കെ. സുധാകരൻ. ഡൽഹിയിലുള്ള സുധാകരൻ ഉടൻതന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് സൂചന.
വിമാനത്താവളത്തിൽ എത്തുന്ന സുധാകരന് അനുയായികൾ വലിയ സ്വീകരണമൊരുക്കും. വെള്ളിയാഴ്ച കണ്ണൂരിൽ സുധാകരൻ റോഡ് ഷോ നടത്തും.
രമേശ് ചെന്നിത്തലയുടെയും എ.കെ. ആന്റണിയുടെയും സമ്മർദത്തിന് വഴങ്ങിയാണ് നിലപാട് മയപ്പെടുത്തി കണ്ണൂരിൽ കെ.സുധാകരന് സീറ്റ് നൽകാമെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചത്.
Kerala
തിരുവനന്തപുരം: കണ്ണൂരിൽ കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങിയത് എ.കെ. ആന്റണിയുടെ ഇടപെടലിലെന്ന് സൂചന. സീറ്റില്ലെന്ന ഹൈക്കമാൻഡ് നിലപാടിന് പിന്നാലെ പാർട്ടി വിടുമെന്ന് സൂചന നൽകിയ കെ. സുധാകരൻ സംസ്ഥാന നേതൃത്വത്തെ ആശങ്കപ്പെടുത്തിയിരുന്നു.
കെ. സുധാകരനെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ ഇടപെട്ടിരുന്നു. പിന്നാലെയാണ് മുതിർന്ന നേതാവായ എ.കെ. ആന്റണിയുടെ ഇടപെടൽ. എ.കെ. ആന്റണിയുടെ സമ്മർദത്തിന് വഴങ്ങിയാണ് കണ്ണൂരിൽ കെ. സുധാകരന് സീറ്റ് നൽകാമെന്ന തീരുമാനം ഹൈക്കമാൻഡ് സ്വീകരിച്ചത്.
സിപിഎമ്മുമായി പോരടിച്ചു വളര്‍ന്ന നേതാവ് സിപിഎമ്മിനു മൂന്നാം ഭരണം ഉണ്ടാക്കാന്‍ വഴിയൊരുക്കരുത് എന്ന് സുധാകരനോട് അഭ്യര്‍ഥിച്ചതായും എ.കെ. ആന്റണി പറഞ്ഞു.
നിലവിൽ കെ. സുധാകരന് മാത്രം ഇളവ് നൽകിയാൽ മതിയെന്നാണ് ഹൈക്കമാൻഡ് തീരുമാനം. എന്നാൽ ഒരാൾക്ക് മാത്രം പ്രത്യേക ആനുകൂല്യം നൽകുന്നത് മത്സരിക്കാൻ താത്പര്യപ്പെട്ട മറ്റ് എംപിമാർ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ പാർട്ടി നേതൃനിരയിൽ ആശങ്കയുളവാക്കുന്നുണ്ട്.
കോന്നിയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ച അടൂർ പ്രകാശ് വിമത ശബ്ദമുയർത്തിയാൽ പാർട്ടി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
Kerala
ആലപ്പുഴ: കെ. സുധാകരൻ വിളിച്ചിരുന്നുവെന്നും അദ്ദേഹം പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
സ്ഥാനാർഥി പട്ടിക എന്താണെങ്കിലും ഇന്ന് പുറത്ത് വരും. കുറച്ചു സീറ്റിൽ കൂടി തീരുമാനമാകാനുണ്ട്. യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. പെട്ടെന്ന് ഇലക്ഷൻ വരുമെന്ന് കരുതിയില്ല.
എംപിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. കോൺഗ്രസിന്റെ പ്രോസസ് ഉണ്ട്. സിപിഎം പോലെ ഒരു പ്രാദേശിക പാർട്ടിയല്ല കോൺഗ്രസ്. നടപടിക്രമങ്ങൾ പാലിച്ചേ ലിസ്റ്റ് വരൂ എന്നും ചെന്നിത്തല പറഞ്ഞു.
National
ന്യൂഡൽഹി: കെ. സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും. ഡൽഹിയിൽ ഉച്ചയ്ക്ക് 12ന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചത്.
കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് രാവിലെയുണ്ടാകും. ഈ പട്ടികയിൽ കണ്ണൂരിൽ തന്റെ പേരില്ലെങ്കിൽ സുധാകരൻ കടുത്ത നിലപാട് സ്വീകരിച്ചേക്കും.
എംപിമാർ മത്സരിക്കേണ്ടെന്ന അന്തിമ തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയിരുന്നു. കെ. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എംപിമാർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുകയായിരുന്നു
Kerala
കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡിന്റെ കടുത്ത നിലപാടിൽ കോൺഗ്രസിനെ ഫേസ്ബുക്ക് പോസ്റ്റിൽ കുരുക്കി കെ. സുധാകരൻ എംപി. ഫേസ്ബുക്കിൽ സുധാകരനിട്ട വൈകാരിക കുറിപ്പാണു കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്.
കണ്ണൂർ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ് എന്നും തന്റെ മേൽവിലാസവുമാണെന്നു സുധാകരൻ പോസ്റ്റിൽ പറയുന്നു. കല്ലിൽനിന്നും കത്തിയിൽനിന്നും അരിവാളിൽനിന്നും ബോംബിൽനിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ താൻ മുന്നിൽനിന്നു പൊരുതി സംരക്ഷിച്ച തന്റെ സഹോദരരെ കമ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടുനില്ക്കാൻ തനിക്കൊരിക്കലും സാധിക്കില്ല...കണ്ണൂർ ഹൃദയരക്തം ഇറ്റുവീണ നമ്മുടെ മണ്ണാണ്.
പൊരുതി വിജയിച്ച കോൺഗ്രസുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിനു വേണ്ടി കോൺഗ്രസിന്റെ ത്രിവർണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെയുണ്ടാകും... ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽവഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്നു സുധാകരൻ പോസ്റ്റിൽ പറയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കവേ ഇത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണു സുധാകരൻ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. പോസ്റ്റ് ഇട്ടതിനു പിന്നാലെ സുധാകരന്റെ കണ്ണൂർ നടാലിലുള്ള വീട്ടിലേക്കു പ്രവർത്തകരും നേതാക്കളും ഒഴുകിയെത്തി. സുധാകരന്റെ പ്രതികരണം തേടി മാധ്യമങ്ങൾ എത്തിയെങ്കിലും മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയില്ല.
ഇതിനിടെ, കെ. സുധാകരനെ സ്ഥാനാർഥിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നു കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചു. കെ.സുധാകരൻ കണ്ണൂരിന്റെ ഹൃദയരക്തംതന്നെയാണ്. ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. സുധാകരനെ സന്ദർശിച്ച ശേഷമായിരുന്നു മാർട്ടിൻ ജോർജിന്റെ പ്രതികരണം.
എംപിസ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്കു മത്സരിക്കണമെന്നാണു സുധാകരന്റെ ആവശ്യം. എന്നാൽ, ഒരാൾക്ക് അനുമതി നൽകിയാൽ മറ്റു അഞ്ച് എംപിമാരും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ട് എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. അതേസമയം, സുധാകരന്റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് എഐസിസി നേതൃത്വം. ഇതിനിടെ, സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റാനുള്ള തീരുമാനത്തിനിടെ സുധാകരൻ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. രാഹുൽ ഗാന്ധി ഇടപെട്ടാണ് അന്ന് പരിഹാരമുണ്ടാക്കിയത്. സുധാകരനെ മാറ്റി പകരം സുധാകരൻ നിർദേശിക്കുന്നയാളെ കെപിസിസി പ്രസിഡന്റാക്കാമെന്നു പറഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. അങ്ങനെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു സണ്ണി ജോസഫ് കടന്നുവന്നത്.
എന്നാൽ, അന്ന് കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം നല്കുമെന്നു രാഹുൽ ഗാന്ധി വാക്കുനൽകിയതായി സുധാകരൻ പറയുന്നുണ്ട്. ഇക്കുറിയും പ്രശ്നപരിഹാരത്തിന് രാഹുൽ ഗാന്ധിതന്നെയാണ് മുൻകൈയെടുക്കുന്നത്. സുധാകരൻ മത്സരിച്ചില്ലെങ്കിൽ സുധാകരൻ നിർദേശിക്കുന്നയാളായിരിക്കും കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുക. ഇതായിരിക്കും അനുരഞ്ജന ഫോർമുല.
Kerala
കോട്ടയം: കേരള രാഷ്ട്രീയത്തിൽ സുധാകരഗ്രഹണം. ഇന്നലെ സിപിഎമ്മിനെ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനാണ് മുൾമുനയിൽ നിർത്തിയതെങ്കിൽ ഇന്നു കോൺഗ്രസ് പാർട്ടിയെ മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ കെ. സുധാകരനാണ് മുൾമുനയിലാക്കിയിരിക്കുന്നത്. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണ് കെ. സുധാകരനെ ചൊടിപ്പിച്ചത്.
ഡൽഹിയിലെ ഇന്നത്തെ ചർച്ചകൾക്കു നിൽക്കാതെ അദ്ദേഹം ഡൽഹിയിൽനിന്നു നാട്ടിലേക്കു മടങ്ങി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന താത്പര്യത്തിലായിരുന്നു സുധാകരൻ. എന്നാൽ, നിലവിൽ എംപിമാരായവർ മത്സരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനുതീരെ താത്പര്യം ഇല്ലായിരുന്നു. ദേശീയ നേതൃത്വവും ഈ നിലപാടിനോടു യോജിച്ചതോടെയാണ് കെ.സുധാകരൻ ഇടഞ്ഞത്. സുധാകരനെ അനുനയിപ്പിക്കാൻ പല രീതിയിൽ നേതാക്കൾ ശ്രമിച്ചുവരുന്നതിനിടെയാണ് അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്.
സീറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ ഡൽഹിയിൽ ഉണ്ട്. മത്സരിക്കണമെന്നു നേരത്തെ താത്പര്യപ്പെട്ട അടൂർ പ്രകാശ് അടക്കമുള്ളവരുമായി ഇവർ സംസാരിച്ചിരുന്നു.
സീറ്റ് കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് സുധാകരൻ പിണങ്ങി നാട്ടിലേക്കു മടങ്ങിയത്. പ്രതിഷേധിച്ചാണോ മടക്കമെന്ന ചോദ്യത്തിനു കൃത്യമായ മറുപടി നൽകാനും അദ്ദേഹം തയാറായില്ല. ഇതിൽനിന്നു തന്നെ അദ്ദേഹം അസംതൃപ്തനാണെന്നു വ്യക്തമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുധാകരൻ അടക്കം മൂന്ന് എംപിമാർ മത്സരിക്കണമെന്ന താത്പര്യത്തിൽത്തന്നെ നിൽക്കുകയാണെന്നാണ് സൂചന.
മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന് പാർട്ടിയുമായി പിണങ്ങി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങള്‍ മൂലം പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന സുധാകരന് ഇന്നലെ രാവിലെ 11 ന് പറവൂരിലെ വീട്ടില്‍ വിളിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് പ്രതീക്ഷിക്കുന്നെന്നും വികസനത്തിനൊപ്പവും വര്ഗീയതയ്ക്കെതിരേയുമായിരിക്കും തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ വന്ന ഓരോ ആരോപണത്തിനും മറുപടി പറഞ്ഞു കൊണ്ടാണ് ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പത്രസമ്മേളനം അദ്ദേഹം അവസാനിപ്പിച്ചത്.
“അയാള്‍ക്കെന്താ ഇനി വേണ്ടത്, രണ്ടുതവണ മന്ത്രിയായില്ലേ എംഎല്എയായില്ലേ ’’എന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ചോദിക്കുകയാണ്. അവര്‍ അണ് മാര്ക്സിയരാണ്. മരിക്കുന്നതുവരെ ലെനിന് റഷ്യയുടെ ഭരണാധികാരിയായിരുന്നില്ലേ. സ്റ്റാലിന് എങ്ങനെയായിരുന്നു?. മാവോയും കാസ്ട്രോയും അങ്ങനെ തന്നെയായിരുന്നു. ഇത്രയും കാലമിരുന്നില്ലേ, താഴെയിറങ്ങ് കെളവാ എന്ന് അവരോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? നിങ്ങള്‍ എത്ര തവണയായി എന്നതല്ല, എത്ര തവണയായാലും ഒരു കുഴപ്പവുമില്ല. ആ സ്ഥാനമുപയോഗിച്ച് നാട്ടുകാര്‍ക്ക് എന്തു ചെയ്തു എന്നതാണ് പ്രധാനം. രണ്ടുതവണയും മൂന്നു തവണയും മന്ത്രിമാരായവരില്ലേയെന്നും ജി. സുധാകരൻ ചോദിച്ചു.
സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച ജി.സുധാകരനെതിരേ കടുത്ത പ്രതിഷേധമാണ് സിപിഎം ഇന്നലെ മുതൽ ഉയർത്തുന്നത്. വർഗവഞ്ചകൻ എന്ന ബാനറും പോസ്റ്ററും സുധാകരന്റെ വീടിനു സമീപം തന്നെ സ്ഥാപിച്ചു. പ്രകടനവും നടത്തി. നേതാക്കൾ പലരും രൂക്ഷവിമർശനവുമായി രംഗത്തുവന്നു. ജി.സുധാകരനെ സിപിഎം കൈകാര്യംചെയ്ത രീതിയിൽ കെ.സുധാകരനെ കോൺഗ്രസ് കൈകാര്യംചെയ്യുമോ അതോ സുധാകരനു വഴങ്ങുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
Kerala
കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തില്‍ കെ. സുധാകരന്റ പേര് വെട്ടാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനു കടുത്ത മുന്നറിയിപ്പുമായി അനുകൂലികള്‍ രംഗത്ത്.
സുധാകരനെ മാറ്റിയാല്‍ അത് നിയമസഭാ തെരഞ്ഞെടുപ്പിനെ മൊത്തത്തില്‍ ബാധിക്കുമെന്നും കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അനുകൂലികള്‍ വ്യക്തമാക്കുന്നു. സുധാകരന്റെ സന്തതസഹചാരിയും അടുത്ത അനുയായിയുമായ ജയന്ത് ദിനേശ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്.
“കണ്ണൂരില്‍ കെ. സുധാകരന് എന്ന വന്മരം മത്സരിച്ചാല്‍ ആ തരംഗം തൊട്ടടുത്ത പല മണ്ഡലങ്ങളിലും ഉണ്ടാകും. കണ്ണൂരില്‍നിന്ന് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് ജയിക്കും” എന്ന് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
എല്ലാവരും കരുതുന്നതുപോലെ യുഡിഎഫിന് ഈസി വാക്കോവര്‍ അല്ല ഈ തെരഞ്ഞെടുപ്പ്. സിപിഎം കോടികള്‍ മുടക്കി ശക്തമായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍തന്നെ പ്രവര്‍ത്തകര്‍ ഒന്നടങ്കം കെ. സുധാകരന് മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നാണ് പോസ്റ്റില്‍ പറയുന്നത്.
സുധാകരന് അധികാരമോഹമില്ലെന്നും ഇത് അണികളുടെ ആഗ്രഹമാണെന്നും ജയന്ത് ദിനേശ് വ്യക്തമാക്കുന്നു. 2016ല്‍ കണ്ണൂര്‍ ഒഴിവാക്കി സിപിഎം സിറ്റിംഗ് സീറ്റായ ഉദുമയില്‍ മത്സരിക്കാന്‍ പോയ ഒരു നേതാവിനെ അധികാരമോഹിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
“അപമാനിച്ചാല്‍ കൈയുംകെട്ടി നില്‍ക്കില്ല” എന്നും നേതൃത്വത്തിന് നേരിട്ട് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ജയന്ത് ദിനേശ് കുറിക്കുന്നു. ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് വ്യക്തമാക്കി. എന്നാല്‍ ഈ നിലപാടിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് സുധാകരന് അനുകൂലികളുടെ നീക്കം.
Kerala
കണ്ണൂർ: അധികാരം നഷ്ടപ്പെടുമെന്ന ഭീതി മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിച്ചെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന് എംപി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന സ്വപ്നം തകര്‍ത്തതോടെ ഹാലിളകിയ മുഖ്യമന്ത്രിയെയാണു കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാരഡി പാട്ടില്‍ കേസെടുത്തതും വ്യാപകമായ തോതില്‍ ബോംബ് നിര്‍മിക്കുന്നതുമൊക്കെ അതിന്റെ ഭാഗമാണ്.
പിണറായിയില്‍ ഇപ്പോള്‍ വ്യാപകമായ ബോംബ് നിര്‍മാണം നടന്നുവരുന്നു. അതിലൊന്നു പൊട്ടിയാണ് പാര്‍ട്ടിയുടെ വിശ്വസ്തനും കൊടുംക്രിമിനലുമായ ഒരാള്‍ക്കു ഗുരുതര പരിക്കേറ്റത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമാണു ബോംബ് നിര്‍മാണവും ആയുധശേഖരവും. പാരഡി പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടി ശുദ്ധ തെമ്മാടിത്തരമാണ്.
‘കാരണഭൂതന്’ എന്ന സ്തുഗീതം കേട്ട് ആത്മരതിപൂണ്ട പിണറായി വിജയനാണ് ഈ പാരഡി ഗാനത്തോട് അസഹിഷ്ണുത കാട്ടുന്നത്. ബിജെപിയുമായുള്ള ചങ്ങാത്തം പിണറായി വിജയനെ തികഞ്ഞൊരു ഫാസിസ്റ്റാക്കിയെന്നും അദ്ദേഹം പറ ഞ്ഞു.
Kerala
തിരുവനന്തപുരം: ലൈംഗീക ആരോപണത്തിൽ കോൺഗ്രസിൽ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടം എംഎൽഎയെ പിന്തുണച്ച് വീണ്ടും കെ. സുധാകരൻ.
രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തത് തന്റെ അറിവോടെയല്ലെന്നും രാഹുലിനെതിരെ നടപടിയെടുക്കാൻ കൂടിയ യോഗത്തിൽ താൻ പങ്കെടുത്തില്ലെന്നും കെ. സുധാകരൻ പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിനൊപ്പം വേദി പങ്കിടും. തെളിവുകള്‍ ഉണ്ടാക്കാന്‍ ആര്‍ക്കും പറ്റും. അതുവിശ്വസിച്ച് രാഷ്ട്രീയപ്രവര്‍ത്തകനെ തളര്‍ത്താനില്ല. തെറ്റ് തിരുത്തി കൂടെ നിര്‍ത്തുകയാണ് ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഒരിക്കലും പറയില്ലെന്നും കെ.സുധാകരന് പറഞ്ഞു.
അതേസമയം, രാഹുലിന്റെ വിഷയത്തെക്കുറിച്ച് താന്‍ അന്വേഷിച്ചെന്നും രാഹുല്‍ നിരപരാധിയാണെന്നുമാണ് സുധാകരന് നേരത്തെ പറഞ്ഞത്. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്തുവരണം. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരന് കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയ്ക്ക് പിണറായി ടച്ചെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ. സുധാകരൻ എംപി. ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിൽ കൂടുതൽ പേരുണ്ടെന്നും അതു പുറത്തുവരുമെന്നും എംപി പറഞ്ഞു.
കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സുധാകരൻ. ഹൈക്കോടതിയുടെ മേൽനോട്ടമുള്ളതുകൊണ്ടാണ് അന്വേഷണം പദ്മകുമാറിലേക്ക് എത്തിയത്. കൊള്ളയ്ക്കു പ്രേരിപ്പിച്ചതിൽ പിണറായി വിജയന്റെ ബന്ധം ഉറപ്പാണ്.
അഴിമതിയില്ലാത്ത എന്തുകാര്യമാണ് പിണറായി സർക്കാരിനുള്ളതെന്നും കെ. സുധാകരൻ ചോദിച്ചു. അഴിമതി സിപിഎമ്മിന്റെ അജൻഡയാണെന്നും സുധാകരൻ പറഞ്ഞു.